കൊട്ടിയൂർ: വൈശാഖോത്സവത്തിലെ ആദ്യത്തെ ആരാധന പൂജയായ തിരുവോണം ആരാധന പൂജ കൊട്ടിയൂർ പെരുമാൾക്ക് സമർപ്പിച്ചു. തിരുവോണം ആരാധനയോടനുബന്ധിച്ച് പൊന്നിൻ ശീവേലി നടന്നു. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടായിരുന്നു. ആരാധനാ സദ്യയും നടത്തി.
തിരുവോണം ആരാധനാദിവസം മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. സന്ധ്യയ്ക്ക് നടക്കുന്ന ആരാധനാപൂജയിൽ പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്തു. തിരുവോണം നാൾ മുതൽ മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കും. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധന പൂജ തിങ്കളാഴ്ച നടക്കും.
എണ്ണ, ഇളനീർ സംഘം പുറപ്പെട്ടു
കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എണ്ണ, ഇളനീർ സംഘം പുറപ്പെട്ടു.എരുവട്ടിത്തണ്ടയാൻ തട്ടാലിയത്ത് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുവട്ടിക്കാവ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും ഇന്നലെ രാവിലെ കൊട്ടിയൂർ സന്നിധിയിലേക്കു പുറപ്പെട്ടത്.
വീരഭദ്ര കോലധാരിയുടെ അകമ്പടിയോടെയാണു സംഘത്തിന്റെ യാത്ര. ദക്ഷിണ സ്വീകരിച്ച് പരസ്പരം വെറ്റില വച്ച് അനുഗ്രഹം തേടിയ ശേഷമാണു സംഘം യാത്ര തിരിച്ചത്. ചെമ്പു കുടത്തിൽ എണ്ണയും തൃക്കൈക്കുടയും ചൂരൽ മുദ്രയും ഇളനീർ കാവുകളുമായി വീരഭദ്ര കോലധാരിയുടെ അകമ്പടിയോടെയാണു സംഘത്തിന്റെ യാത്ര. വള്ള്യായി അഞ്ഞൂറ്റാൻ സ്ഥാനികൻ ദിലീപ് കുമാറാണ് വീരഭദ്ര കോലധാരി.
കോട്ടയം ബാക്ക പദ്മനാഭൻ, ബൈജേഷ് എന്നിവർ കുറുങ്കുഴലുമായും മുന്നൂറ്റാൻ സ്ഥാനികൻ സഹജൻ, സുരേഷ് എന്നിവർ പാണിയുമായും സംഘത്തിനൊപ്പമുണ്ട്. ഇളനീർ വെപ്പ് നടക്കുന്ന നാളെ രാത്രി സംഘം കൊട്ടിയൂരിലെത്തും. ഏറ്റവും ഒടുവിലാണു സംഘം ഇളനീർക്കാവുകൾ സമർപ്പിക്കുക.
ഇളനീർ വെപ്പ് ചടങ്ങ് ആരംഭിച്ച് അവസാനിക്കുന്നതുവരെ വീരഭദ്ര കോലധാരി കിഴക്കേ നടയിൽ ഒറ്റക്കാലിൽ നിന്ന് ഇളനീർ കാവുകൾ സമർപ്പിച്ച് മടങ്ങുന്നവർക്ക് ചൂരൽ മുദ്ര കൊണ്ട് അനുഗ്രഹം നൽകും. തിങ്കളാഴ്ചയാണ് ഇളനീരാട്ടം.